
ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു തങ്ങളുടെ വാദം തള്ളിയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദത്തിൽ. രാഷ്ട്രപതി ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപിയും വിമർശിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ഒമർ അബ്ദുള്ള തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് വോട്ട് തട്ടിപ്പിന് ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം നിവേദനത്തിൽ ഉന്നയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കി ബാലറ്റ് പേപ്പർ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിച്ച രാഹുൽ ഗാന്ധി, വോട്ട് ചോരി ആരോപണങ്ങൾ രാഷ്ട്രപതി തള്ളിക്കളയാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ രാഷ്ട്രപതി ശ്രദ്ധയോടെ കേട്ടെന്നും ആരോപണങ്ങൾ നിഷേധിച്ചില്ലെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം.
പ്രതിപക്ഷത്തിന്റെ ആശങ്കകൾ കേട്ട രാഷ്ട്രപതി വിഷയം പരിശോധിക്കാമെന്ന് ഉറപ്പുനൽകിയതായി മല്ലികാർജുൻ ഖാർഗെയും പ്രതികരിച്ചു. കേന്ദ്ര സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും റിപ്പോർട്ട് തേടണമെന്ന് ആവശ്യപ്പെട്ടതായും രാഷ്ട്രപതിയുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും മമതാ ബാനർജി പറഞ്ഞു.
എന്നാൽ, രാഷ്ട്രപതി വോട്ട് ചോരി ആരോപണങ്ങളോട് യോജിച്ചെന്ന തരത്തിലുള്ള രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമാണെന്നാണ് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാഷ്ട്രപതി അത്തരത്തിൽ യാതൊരു പരാമർശവും നടത്തിയിട്ടില്ലെന്നും വിശദീകരണമുണ്ട്. ഇതോടെ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങൾക്കൊപ്പം രാഷ്ട്രപതിയുടെ പ്രതികരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരും ശക്തമായിരിക്കുകയാണ്.











